റാന്നി : നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പലർക്കായി അയച്ചുകൊടുത്ത കേസിൽ ഒരാളെ റാന്നി പൊലിസ് അറസ്റ്റ് ചെയ്തു. റാന്നി അങ്ങാടി വരവൂർ ചെറുതോട്ടുങ്കൽ സി.എം. അനൂപ് (31) നെയാണ് റാന്നി പൊലിസ് അറസ്റ്റ് ചെയ്തത്.
സമൂഹ മാധ്യമങ്ങളിൽ നിന്ന് ശേഖരിച്ച റാന്നി സ്വദേശിനികളായ നിരവധി സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് നഗ്നചിത്രങ്ങളും നഗ്ന വീഡിയോകളും ആക്കി മാറ്റുകയും സ്വന്തം ഫോണിൽ സൂക്ഷിക്കുകയും മറ്റു പലർക്കും അയച്ചു കൊടുക്കുകയും ചെയ്തത്.
റാന്നി സ്വദേശിനിയായ സ്ത്രീയുടെ പരാതിയിൽ കഴിഞ്ഞ അഞ്ചിന് ഇയാൾക്കെതിരേ റാന്നി പൊലിസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ ഫോണിൽ നിന്ന് നിരവധി സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത സൂക്ഷിച്ചിരിക്കുന്നതും മറ്റു പലർക്കും അയച്ചു കൊടുത്തിരിക്കുന്നതായും പൊലിസിനു വിവരം ലഭിച്ചു. മറ്റു ചില സ്ത്രീകളും പരാതിയുമായി രംഗത്തെത്തിയതോടെ, ഐടി ആക്റ്റിലെ വിവിധ വകുപ്പുകൾ അനുസരിച്ച് റാന്നി പൊലിസ് സ്റ്റേഷനിൽ ഇയാൾക്കെതിരേ പുതിയ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ എറണാകുളത്തു നിന്നും അനൂപിനെ പിടികൂടുകയും മൊബൈൽ ഫോണും എഡിറ്റ് ചെയ്യാൻ ഉപയോഗിച്ച ലാപ്ടോപ്പും ഉൾപ്പെടെ പിടിച്ചെടുക്കുകയും ചെയ്തു. റാന്നി പൊലിസ് സബ് ഇൻസ്പെക്ടർ സിബിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് അനൂപിനെ അറസ്റ്റ് ചെയ്തത്.